ടെഹ്റാൻ : വിദേശ ശക്തികളുടെ “കൂലിപ്പട്ടാളക്കാരായി” പ്രവർത്തിക്കുന്ന വ്യക്തികളെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി .അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ലക്ഷ്യം വച്ചുകൊണ്ടാണ് ഖമേനിയുടെ പ്രസ്താവന. മാത്രമല്ല ട്രമ്പ് തന്റെ രാജ്യത്തിനുള്ളിലെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഖമേനി ആവശ്യപ്പെട്ടു. ഇറാൻ വിദേശ ഏജന്റുമാരെ ആരെയും വെച്ചുപൊറുപ്പിക്കില്ലെന്നും ഒരു വിദേശ സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നൽകി.
“നമ്മുടെ രാജ്യത്തെ ചില കലാപകാരികൾ പൊതു സ്വത്ത് നശിപ്പിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഡൊണാൾഡ് ട്രംപ് സ്വന്തം രാജ്യത്തെക്കുറിച്ച് വിഷമിക്കണം, കാരണം ഇറാൻ ഒരു വിദേശ സമ്മർദ്ദത്തിനും വഴങ്ങില്ല. നിങ്ങൾ എല്ലാവരും രാജ്യത്ത് ഐക്യം നിലനിർത്തുകയും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാകുകയും വേണം, കാരണം ഒരു ഐക്യ രാഷ്ട്രത്തിന് ഏത് ശത്രുവിനെയും പരാജയപ്പെടുത്താൻ കഴിയും. നിങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കുക എന്നത് ആക്രമണാത്മകമായ പ്രവൃത്തിയല്ല, മറിച്ച് സാമ്രാജ്യത്വത്തിന് മുന്നിൽ ധൈര്യം കാണിക്കുന്ന ഏറ്റവും വലിയ പ്രവൃത്തിയാണ്.“ ഖമേനി പറഞ്ഞു.
രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ വിദേശ ഗൂഢാലോചനയാണെന്നും ഇതെല്ലാം അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള ഏജന്റുമാരുടെ പ്രവർത്തനമാണെന്നും ഖമേനി പറഞ്ഞു. ഇതിന് പിന്നിലുള്ളവർ കനത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ഖമേനി പറഞ്ഞു.

