മൂന്നാർ: ശക്തമായ മഴയ്ക്ക് പിന്നാലെ മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. ബൊട്ടാണിക്കൽ ഗാർഡന് സമീപം ലോറി മണ്ണിനടിയിൽപ്പെട്ടതിനെ തുടർന്ന് അന്തോണിയാർ കോളനി സ്വദേശിയായ ഗണേഷാണ് മരിച്ചത്. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനം മണ്ണിടിച്ചിൽ കണ്ട് നിർത്തിയിടുകയായിരുന്നു.
മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ലോറി താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. വാഹനത്തിൽ നിന്ന് ഗണേഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കണ്ണൂരിലെ ആറളം മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സൂചനയുണ്ട്. ആദിവാസി പുനരധിവാസ സെറ്റിൽമെന്റിന്റെ 13, 11 ബ്ലോക്കുകളിലെ താമസക്കാരെ മുൻകരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചു. 50 ലധികം വീടുകൾ വെള്ളത്തിൽ മുങ്ങി. പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ജലസേചന വകുപ്പ് അറിയിച്ചു, നദിയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ശനിയാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു.
വയനാട്ടിൽ മക്കിമല നദി കരകവിഞ്ഞൊഴുകി, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടോ എന്ന് തെരച്ചിൽ നടക്കുന്നുണ്ട് . കൂടാതെ നിവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വയനാട് ജില്ല നിലവിൽ ഓറഞ്ച് അലേർട്ടിലാണ്. കനത്ത മഴയെത്തുടർന്ന് മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിലെ റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവർത്തനം നിർത്തിവച്ചു.

