തൃശൂർ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു . തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത് .
വോട്ടെടുപ്പ് വൈകുന്നേരം 6 മണിയോടെ അവസാനിക്കും. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലും പോളിംഗ് പൂർത്തിയായി. ഇതോടെ, 14 ജില്ലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായ മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ ബൂത്തിൽ ഇന്ന് റീപോളിംഗ് നടക്കുന്നുണ്ട്. ശനിയാഴ്ച വോട്ടെണ്ണൽ നടക്കും.
ഏഴ് ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമ പഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, മൂന്ന് കോർപ്പറേഷനുകൾക്ക് കീഴിലുള്ള 188 വാർഡുകളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
1.53 കോടിയിലധികം വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തും. ഇതിൽ 80.9 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. ഏഴ് ജില്ലകളിലായി 18,274 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പാലക്കാട് ചളവറയിലെ 15-ാം വാർഡിലെ രണ്ടാമത്തെ ബൂത്തായ കയിലിയാട് കെവിയുപി സ്കൂളിൽ മന്ത്രി എം ബി രാജേഷ് വോട്ട് ചെയ്തു.വിളയോടിയിലെ നല്ലമാടൻ ചള്ളയിലെ എസ് എൻ യു പി സ്കൂളിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയും കുടുംബവും വോട്ട് ചെയ്തു.

