തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’യിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച് . മുൻ ജീവനക്കാർ ദിയ കൃഷ്ണയുടെ കടയിൽ നിന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
മൂന്ന് ജീവനക്കാരും സംയുക്തമായി പണം തട്ടിയെടുത്തതായാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് . മൂന്ന് ജീവനക്കാരെയും അവരുടെ ഭർത്താക്കന്മാരിൽ ഒരാളെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. വിനീത ജൂലിയറ്റ്, ഭർത്താവ് ആദർശ്, ദിവ്യ ഫ്രാങ്ക്ലിൻ, രാധ കുമാരി എന്നിവരെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോഷ്ടിച്ച പണം ഉപയോഗിച്ച് മൂവരും ആഡംബര ജീവിതം നയിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. വിശ്വാസവഞ്ചന, മോഷണം, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനിടെ പ്രതികൾ 66 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. പണം തട്ടിയെടുത്തതിന് കൃഷ്ണകുമാർ തന്നെ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. തുടർന്ന് മൂന്ന് ജീവനക്കാർ ദിയയ്ക്കും കൃഷ്ണകുമാറിനുമെതിരെ പരാതി നൽകി. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, മോഷണം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പരാതി. എന്നാൽ, ജീവനക്കാർ നൽകിയ പരാതി വ്യാജമാണെന്ന് പോലീസ് പറഞ്ഞു.

