തിരുവനന്തപുരം: ഉത്രാടദിവസം കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന . ഉത്രാടദിനത്തിൽ 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം ഇത് 126 കോടി രൂപയായിരുന്നു. ഓണം മദ്യവിൽപ്പനയിൽ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് മുന്നിലാണ്. കൊല്ലത്തെ ആശ്രമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്താണ്. 123 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു. എടപ്പാൾ ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്താണ്. 110.79 ലക്ഷം രൂപയുടെ വിറ്റുവരവ് ഇവിടെ ഉണ്ടായി.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യം കേരളത്തിൽ വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപ്പന ഈ വർഷം നടന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് ഔട്ട്ലെറ്റുകൾ ഒരു കോടിയിലധികം രൂപ വിറ്റുവരവ് നേടിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം, 2024 ലെ ഉത്രാടം ദിനത്തിൽ ബെവ്കോ വഴി 124 കോടി രൂപയുടെ മദ്യം വിറ്റു. ഈ വർഷത്തെ ഉത്രാടദിനത്തിലെ മദ്യവിൽപ്പന എക്കാലത്തെയും ഉയർന്നതാണെന്നാണ് സൂചന. ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്ലെറ്റുകളും 155 സെൽഫ് സർവീസ് ഔട്ട്ലെറ്റുകളുമുണ്ട്. തിരുവോണത്തിന് പുറമെ, സെപ്റ്റംബർ 7 ന് ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സെപ്റ്റംബർ 21 ന് ശ്രീനാരായണ ഗുരു സമാധി ദിനത്തിലും ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടും.
ബെവ്കോയുടെ റെക്കോർഡ് വിൽപ്പനയും അധിക വരുമാനവും കണക്കിലെടുത്ത്, ഈ വർഷം ജീവനക്കാർക്ക് വൻ തുകയാണ് ബോണസായി നൽകിയത് . ഈ വർഷത്തെ ഓണം ബോണസ് 1,02,500 രൂപയാണ്. കഴിഞ്ഞ വർഷം ജീവനക്കാർക്കുള്ള ഓണം ബോണസ് 95,000 രൂപയായിരുന്നു. അതിനുമുമ്പുള്ള വർഷം സ്ഥിരം ജീവനക്കാർക്കുള്ള ബോണസ് 90,000 രൂപയായിരുന്നു.

