പാലക്കാട് : കേരളത്തിലെ അതിവേഗ റെയിൽ ഇടനാഴിയിൽ സംസ്ഥാന സർക്കാരിനെ ശക്തമായി വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ . പദ്ധതി പ്രായോഗികമല്ലെന്നും അദ്ദേഹം ആവർത്തിച്ചു. കേന്ദ്രത്തിന് പദ്ധതി സമർപ്പിക്കാൻ മുഖ്യമന്ത്രി മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി നേരത്തെ പ്രശംസിച്ച ബദൽ പദ്ധതി ഇപ്പോൾ നിരസിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ‘ചർച്ചയ്ക്കിടെ കെ-റെയിൽ എന്തായാലും നടപ്പാക്കാൻ പോകുന്നില്ലെന്ന് ഞാൻ നേരിട്ട് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. പുതിയ പദ്ധതിക്കായി കേന്ദ്രത്തിന് എഴുതാൻ അദ്ദേഹം സമ്മതിച്ചു. അതിവേഗ റെയിൽ പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട് പോകും. രണ്ട് പദ്ധതികളും തമ്മിൽ സ്പീഡിൽ വ്യത്യാസമുണ്ട്. അതിവേഗ റെയിൽവേക്ക് 135 കിലോമീറ്റർ വേഗത കിട്ടും. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാറിൻ്റെ സഹായം വേണം.
എന്നിട്ടും പത്ത് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർ ഇപ്പോഴും ഇരുട്ടിലാണ്. പദ്ധതിയുടെ കരട് തയ്യാറാക്കി സമർപ്പിക്കുമെന്ന് അറിയിച്ചിട്ടും സർക്കാർ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും കത്ത് അയയ്ക്കാൻ സർക്കാർ മടിക്കുന്നു,’ ഇ ശ്രീധരൻ വ്യക്തമാക്കി.
‘സംസ്ഥാന സർക്കാർ അനാവശ്യമായി നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നതിനാലാണ് കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ടത്. ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ കേരളത്തിന് അതിവേഗ റെയിൽവേ എന്നെന്നേക്കുമായി നഷ്ടപ്പെടും. അതിവേഗ റെയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വ്യക്തിപരമായ അജണ്ടയല്ല, അത് ജനങ്ങളുടെ ആവശ്യമാണ്. പരിസ്ഥിതിക്കും ജനങ്ങൾക്കും ദോഷകരമല്ലാത്ത ഒരു പദ്ധതിയാണ് നമുക്ക് വേണ്ടത്. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന സെമി-ഹൈ-സ്പീഡ് പദ്ധതി റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) വെറും ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുകയാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.

