തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ . സജാദ് വിളിച്ചതു പ്രകാരമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നു രമ്യ ഹരിദാസ് പറഞ്ഞു. സജാദുമായി അയാളുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അഞ്ചെട്ടു പേര് കയറിവന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നു. കയറി വന്നപ്പോള്‍ തന്നെ മോശമായാണ് അവര്‍ സംസാരിച്ചതെന്നും രമ്യ പറഞ്ഞു .
വന്നതുപോലെ തിരിച്ചു പോകാന്‍ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സജിത്ത് അങ്ങനെ പെരുമാറുമെന്നു കരുതിയില്ല. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. അതീഷ് എന്ന അധ്യാപകനും ഉപദ്രവിച്ചുവെന്ന് രമ്യ പറഞ്ഞു.കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സജാദിന്റെ വീട്ടിലാണ് ഇന്നലെ രാത്രി സംഭവം അരങ്ങേറിയത്.
തന്റെ വീട്ടിലെത്തി മകളെ കൊണ്ടു നിര്‍ബന്ധിച്ച് വാട്സാപ്പ് സന്ദേശം വായിപ്പിക്കാന്‍ എംഎല്‍എയും അവര്‍ക്കൊപ്പമുള്ള പാളയം പ്രദീപും ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പ്രാദേശിക നേതാവ് സജാദ് പറഞ്ഞു. എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. സജാദ് നല്കിയ പരാതി പ്രകാരം ഇതുവരെ കേസെടുത്തിട്ടില്ല.
എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സാപ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്ത് സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ കോളജ് വിദ്യാര്‍ഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങള്‍ വായിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് സജാദ് പറയുന്നത്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങിയത്.
എംഎല്‍എയും സംഘവും വീട്ടിലെത്തിയ ശേഷം മകളെയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്നു സജാദ് പറയുന്നു. രമ്യ ഹരിദാസിനെ താന്‍ വീട്ടിലേക്കു വിളിച്ചിട്ടില്ലെന്നും സജാദ് പറഞ്ഞു. ഇങ്ങനെയൊക്കെ ചെയ്യാന്‍ എന്ത് അധികാരമാണ് പാളയം പ്രദീപിനുള്ളതെന്ന് സജിത്ത് എംഎല്‍എയോടു ചോദിച്കി. ഇതോടെ നീ ആരാണെന്നു ചോദിച്ച് കയര്‍ത്തു കൊണ്ട് എംഎല്‍എ സജിത്തിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയാണ് ചെയ്തത്. വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ആളെയും എംഎല്‍എ ആക്രമിച്ചുവെന്ന് സജാദ് പറഞ്ഞു

