തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ഥാനക്കയറ്റം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ . എല്ലാ തസ്തികകളിലും സ്ഥാനക്കയറ്റം നടപ്പിലാക്കുമെന്നും അർഹരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി പ്രമോഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യതകൾ ഉണ്ടെങ്കിലും പ്രമോഷൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിലും കുടിശ്ശിക ഉൾപ്പെടെയുള്ള ഡിഎ നൽകാത്തതിലും ഇടതുപക്ഷ ചായ്വുള്ള യൂണിയനുകളിൽപ്പെട്ടവർ കടുത്ത രോഷത്തിലാണ്. സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു . ജീവനക്കാർക്ക് മാസത്തിലെ ആദ്യ ദിവസം തന്നെ മുഴുവൻ ശമ്പളവും നൽകുന്നുണ്ട്. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം, സ്വകാര്യ ബസുകളെ പോലും പിന്നിലാക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ബസുകൾ അവതരിപ്പിക്കുന്നുമുണ്ട് . അത്തരം പരിഷ്കാരങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
അതേസമയം, ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. പൂവാർ ഡിപ്പോയിലെ എൻ. സജി കുമാറിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടറെ കാഞ്ഞങ്ങാട് യൂണിറ്റിലേക്ക് സ്ഥലം മാറ്റി. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ കണ്ടക്ടറുടെ സ്ഥലംമാറ്റം റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കുന്നതിന് പകരം, വനപ്രദേശമായ നിലയ്ക്കൽ ഗോപുരത്തിന് അപ്പുറത്തുള്ള സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

