മിമിക്രി സംഘടനയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് . നടനും സംവിധായകനുമായ നാദിർഷയിൽ നിന്ന് ഒരു പൊതുപരിപാടിയിൽ അപമാനിക്കപ്പെട്ടതിനെക്കുറിച്ചും തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് വെളിപ്പെടുത്തി.
‘മിമിക്രി കലാകാരൻമാരുടെ ഒരു സംഘടനയാണ് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ. നാദിർഷ പ്രസിഡന്റായിരുന്ന കാലത്ത് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഒരു ജനറൽ ബോഡി മീറ്റിംഗിൽ ഞാൻ ഒരിക്കൽ പങ്കെടുത്തു. നാദിർഷ അഞ്ച് മിമിക്രി താരങ്ങളെ പരിപാടി ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവന്നു. ഉദ്ഘാടന പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചില്ല .
എന്നെ എന്താ വിളിക്കാത്തതെന്ന് ഒരു സംഘാടകൻ നാദിർഷയോട് ചോദിച്ചു. അയാളെ വിളിക്കണ്ടെന്നായിരുന്നു നാദിർഷയുടെ മറുപടി. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണയ്ക്കാത്തതിൽ നാദിർഷ ദേഷ്യപ്പെട്ടു, അതിനാൽ അദ്ദേഹം എന്നെ ക്ഷണിക്കേണ്ടെന്ന് തീരുമാനിച്ചു . അദ്ദേഹം ഇക്കാര്യം പരസ്യമായി പറയാൻ പോലും ധൈര്യപ്പെട്ടു. സംഗീത നാടക അക്കാദമിയുടെ പ്രസിഡന്റായി നടൻ മുരളി അധികാരത്തിലിരുന്നപ്പോൾ, മിമിക്രി സംഗീത നാടക അക്കാദമിയുടെ ഭാഗമാക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. എന്നാൽ, മുരളി അതിന് അനുവദിച്ചില്ല. മിമിക്രി ഒരു കലാരൂപമായി കാണാൻ കഴിയില്ലെന്ന് പറയുകയും ചെയ്തു. പിന്നീട്, മുകേഷ് അക്കാദമിയുടെ ചെയർമാനായപ്പോൾ, മിമിക്രി അക്കാദമിയുടെ ഭാഗമാക്കി.” ആലപ്പി അഷ്റഫ് പറഞ്ഞു.

