പത്തനംതിട്ട : ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി പിടിയിൽ . എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആയിരുന്നു പരിശോധന. ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ എന്നാണ് സംഘടനയുടെ പേര് . ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും , ഡാൻസാഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷർഫിൻ. പ്രതിയെ രണ്ട് ദിവസമായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.എം ഡി എം എ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഷർഫിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു.ഇയാളിൽ നിന്ന് 1.590 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു.
പരിശോധനയ്ക്കായി വീട്ടിലെത്തിയ പൊലീസുകാർക്ക് സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്ന് കാട്ടി തെറ്റിദ്ധരിപ്പിക്കാനും ഷർഫിൻ ശ്രമിച്ചു. വീടിന്റെ മുക്കും, മൂലയും അരിച്ചുപെറുക്കിയ പോലീസ് പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെടുത്തത്.

