കായംകുളം: ചെങ്കടലിൽ ഹൂത്തി വിമതർ ആക്രമിച്ച കപ്പലിൽ നിന്ന് കാണാതായ മലയാളി ജീവനക്കാരൻ അനിൽ കുമാർ യെമനിൽ ഉണ്ടെന്ന് റിപ്പോർട്ട്. അനിൽ നിലവിൽ യെമൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണോ അതോ ഹൂത്തി വിമതരുടെ കസ്റ്റഡിയിലാണോ എന്ന് അറിയില്ല. അനിലിന്റെ ഭാര്യ ശ്രീജയാണ് തന്റെ ഭർത്താവിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചതായി എംബസിയെ അറിയിച്ചത്. നമ്പർ ഉദ്യോഗസ്ഥർക്ക് കൈമാറി. സൗദി അറേബ്യയിലെ എംബസി വഴി അനിലിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ . നിലവിൽ ഇന്ത്യയ്ക്ക് യെമനിൽ എംബസി ഇല്ല.
ഇന്നലെ യെമനിൽ അവധി ദിവസമായതിനാൽ, അനിൽ കുമാറിനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. താൻ യെമനിലാണെന്നും ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും അനിൽ പറഞ്ഞുവെന്നാണ് ശ്രീജ പറയുന്നത്. മകൻ അനുജിനോടും അനിൽ സംസാരിച്ചു. മകൾ അനഘ സംസാരിക്കും മുൻപ് കോൾ കട്ട് ചെയ്തു.
ഈ മാസം 7 നാണ് ചെങ്കടലിൽ കപ്പൽ ഗ്രനേഡ് ആക്രമണത്തിൽ മുങ്ങി സുരക്ഷാ ഉദ്യോഗസ്ഥനായ അനിൽ കുമാർ ഉൾപ്പെടെ പതിനൊന്ന് പേരെ കാണാതായത്. സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാരും നേരത്തെ അനിലിന്റെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. അപകടം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് സൗദി അറേബ്യയിലെ എംബസി അനിൽ കുമാറിന്റെ കുടുംബത്തെ വിവരം അറിയിച്ചത്. കപ്പലിൽ 25 പേരുണ്ടായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബാക്കി 21 പേർ കടലിൽ ചാടി. ഇതിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അഗസ്റ്റിൻ ഉൾപ്പെടെ പത്ത് പേരെ രക്ഷാപ്രവർത്തകർ കരയിലേക്ക് കൊണ്ടുവന്നു. അനിൽ കുമാർ ഉൾപ്പെടെയുള്ളവർ ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയതായി റിപ്പോർട്ടുണ്ട്. പക്ഷേ തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.

