പത്തനാപുരം: പത്തനാപുരത്ത് അട്ടിമറി വിജയം നേടി യുഡിഎഫിന്റെ ജ്യോതികുമാർ ചാമക്കാല. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിനെ 8,310 വോട്ടുകൾക്കാണ് ജ്യോതികുമാർ പരാജയപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ടോളമായി ഗണേഷ് കുമാർ കൈവശംവച്ച് പോന്നിരുന്ന മണ്ഡലം ആയിരുന്നു പത്തനാപുരം. ഇവിടുത്തെ അട്ടിമറി വിജയം അക്ഷരാർത്ഥത്തിൽ എൽഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്.
ജ്യോതികുമാർ ചാമക്കാലയ്തക്ക് 68,275 വോട്ടുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് ആകട്ടെ 59,965 വോട്ടുകളും. എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടിയ എസ് അനിൽ പിള്ളയ്ക്ക് 7031 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്.
2001 മുതൽ 2021 വരെ ഗണേഷ് കുമാർ മാത്രമായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. കഴിഞ്ഞ വർഷവും ജ്യോതികുമാർ തന്നെ ആയിരുന്നു ഗണേഷ് കുമാറിന്റെ എതിരാളി. എന്നാൽ വിജയം അദ്ദേഹത്തെ തുണച്ചില്ല. ഇക്കുറി രണ്ട് പതിറ്റാണ്ട് നീണ്ട ആധിപത്യമാണ് ജ്യോതികുമാർ ഇല്ലാതെ ആക്കിയത്.

