കണ്ണൂർ ; ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി . പരോൾ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി . വയനാട് മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ കൊടി സുനി ലംഘിച്ചുവെന്നാണ് കണ്ടെത്തൽ . മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി .
സുനി അയൽ സംസ്ഥാനത്തേയ്ക്ക് പോയെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പതിനഞ്ച് ദിവസത്തെ പരോളാണ് കൊടി സുനിയ്ക്ക് അനുവദിച്ചിരുന്നത് . വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് സുനിയെ പരോൾ റദ്ദാക്കി തിരികെ ജയിലിൽ എത്തിച്ചു
ടിപി കേസിലെ പ്രതികളായ കൊടി സുനി മുഹമ്മദ് ഷാഫി , ഷിനോജ് എന്നിവർ പൊലീസ് സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു . പ്രതികളെ കഴിഞ്ഞ 17 ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയപ്പോഴാണ് സംഭവം .മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണയ്ക്കായാണ് പ്രതികളെ കൊണ്ടുവന്നത്.
ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി പൊലീസുകാർ കയറിയത് കോടതിയ്ക്ക് സമീപത്തെ ഹോട്ടലിലാണ് . ഇവിടെ പ്രതികളുടെ സുഹൃത്തുക്കൾ മദ്യവുമായി എത്തിയെന്നും. പൊലിസുകാരുടെ മുന്നിൽ വച്ച് മദ്യപിച്ചുവെന്നുമാണ് പരാതി .ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു . തുടർന്ന് ജില്ലാ ആസ്ഥാനത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

