തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ കന്റോൺമെന്റ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . കോടതി നേരത്തെ അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ലൈംഗികമായി ആക്രമിച്ചതിന് വനിതാ സിനിമാ പ്രവർത്തകയാണ് സംവിധായകനെതിരെ പരാതി നൽകിയത്.
നവംബർ 6 നാണ് സംഭവം . ഐ.എഫ്.എഫ്.കെയിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയർമാനായിരുന്നു പി.ടി.. തലസ്ഥാന നഗരത്തിലെ ഹോട്ടൽ മുറിയിൽ വെച്ച് ജൂറി അംഗമായിരുന്ന സ്ത്രീയോട് മോശമായി പെരുമാറി എന്നാണ് കേസ്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതി കന്റോൺമെന്റ് പോലീസിന് കൈമാറിയിരുന്നു . പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ, പി.ടി. പരാതി നിഷേധിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതായിരിക്കാമെന്നും അങ്ങനെയാണെങ്കിൽ ക്ഷമാപണം നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

