തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ ഓണാഘോഷ പരിപാടികൾ ആരംഭിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷം നാളെ വൈകുന്നേരം 5.30 ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.
ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായിരിക്കും. മന്ത്രിമാരായ കെ. മുരളീധരൻ, മന്ത്രി സി.പി. ജോൺ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മേയർ വി.വി. രാജേഷ്, ഡോ. ശശി തരൂർ, എംപി തുടങ്ങിയവർ പങ്കെടുക്കും. നടി ശോഭനയുടെ നൃത്താവതരണത്തോടെ സാംസ്കാരിക പരിപാടികൾ ആരംഭിക്കും. 30 വരെ തുടരുന്ന ഓണം വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340 ലധികം സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്
മൂവായിരത്തോളം കലാകാരന്മാർ വേദിയിലും പിന്നണിയിലും ഉണ്ടാകും. 25 മുതൽ 30 വരെ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ വിവിധ നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും. മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പടയണി, അർജുന നൃത്തം, സംസ്കാര സാഹിതിയുടെ നാടോടി സംയോജനം എന്നിവയാണ് നിശാഗന്ധിയിൽ അവതരിപ്പിക്കുന്ന പ്രധാന പരിപാടികൾ.
കനകക്കുന്നിലെ സോപാനം, നാട്ടരംഗ വേദികളിലും നാടൻ കലാരൂപങ്ങൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും. കോവളം ഉൾപ്പെടെ തലസ്ഥാനത്തെ മറ്റ് വേദികളിലും വിവിധ ജില്ലകളിലെ ഡിടിപിസികൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിലും നിരവധി നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കും.
കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്ചന്ദ്രവർമ, കാവാലം ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖ കലാകാരന്മാർ ഓണാഘോഷത്തിൻ്റെ ഭാഗമാകും.സമാപന ദിവസം സംഘടിപ്പിക്കുന്ന ഓണഘോഷയാത്ര 5ന് മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ടയിൽ സമാപിക്കും. ഉപരാഷ്ട്രപതിസി.പി. രാധാകൃഷ്ണൻ വാരാഘോഷത്തിൻ്റെ സമാപന ദിവസം വിശിഷ്ടാതിഥിയായി എത്തും.

