ജയ്പൂർ ; വിദേശഫണ്ട് ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ജയ്പൂർ ആസ്ഥാനമായുള്ള പാസ്റ്റർ രവി മോഹൻ പഹാഡിയയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് ഇഡി .യുഎസിൽ നിന്ന് 2.20 കോടി രൂപയുടെ വിദേശ ഫണ്ട് രവി മോഹൻ സ്വീകരിച്ചുവെന്നും , മതപരിവർത്തന പ്രവർത്തനങ്ങൾക്കായി അത് ഉപയോഗിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
രവി മോഹൻ പഹാഡിയയുടെ ഓഫിസിലും ഇഡി സംഘം റെയ്ഡ് നടത്തി . ചില രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പാസ്റ്റർ പഹാഡിയയ്ക്കും ഭാര്യ ഗുഞ്ചൻ ശർമ്മയ്ക്കുമെതിരെ 1999 ലെ ഫെമയിലെ വ്യവസ്ഥകൾ പ്രകാരം അന്വേഷണം ആരംഭിച്ചുവെന്നാണ് ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് . ഹോപ്പ് മിനിസ്ട്രിയുമായി ബന്ധമുള്ള പ്രൊട്ടസ്റ്റന്റ് മിഷനറിയായ പാസ്റ്റർ രവി മോഹൻ , എഫ്സിആർഎ രജിസ്ട്രേഷൻ ഇല്ലാതെ നിയമവിരുദ്ധമായി ഫണ്ടുകൾ സ്വീകരിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
യുഎസ് ആസ്ഥാനമായുള്ള തോമസ് യൂജിൻ ലിഞ്ചിൽ നിന്നാണ് പാസ്റ്റർ പഹാഡിയയ്ക്ക് ഫണ്ടിന്റെ വലിയൊരു ഭാഗം ലഭിക്കുന്നത്. ബിസിനസ്, കൺസൾട്ടൻസി ആവശ്യങ്ങൾക്കെന്ന പേരിലാണ് ഫണ്ട് വന്നതെന്നാണ് സൂചന . എന്നാൽ പണം മതപരിവർത്തനത്തിനായും ഉപയോഗിക്കുകയായിരുന്നു . പാസ്റ്ററും ഭാര്യയും ജയ്പൂരിലും ഗോത്രവർഗക്കാർ കൂടുതലുള്ള ദക്ഷിണ രാജസ്ഥാനിലും എസ്സി-വാൽമീകി/എസ്ടി-ഭിൽ സമുദായങ്ങൾക്കിടയിൽ മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
റെയ്ഡുകളിൽ, വിദേശ പൗരന്മാരുമായി പാസ്റ്ററും ഭാര്യയും പതിവായി സമ്പർക്കം പുലർത്തിയതിന്റെയും, സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും രേഖകൾ ഇഡി കണ്ടെത്തി.

