കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി കോടതി തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി തള്ളിയത് . അതേസമയം കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഹർജിയിൽ ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു.
അന്വേഷണ സംഘം അന്വേഷണം ശരിയായി നടത്തിയില്ലെന്നും, പക്ഷപാതപരമായ അന്വേഷണം നടത്തിയെന്നും, പ്രതികൾക്ക് അനുകൂലമായി രാഷ്ട്രീയ ക്രമീകരണങ്ങൾ നടത്തിയെന്നും, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തുടക്കം മുതൽ അന്വേഷണം നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിന്റെ 13 പിഴവുകളാണ് പ്രധാനമായും ഹർജിയിൽ ഉണ്ടായിരുന്നത്.
പ്രതിയുടെ ഫോൺ കൃത്യമായി പരിശോധിച്ചില്ലെന്നും , പ്രശാന്തനും , ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കൽ പോലും പൊലീസ് അന്വേഷിച്ചില്ലെന്നും, ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ മാത്രമാണ് കേസിൽ പ്രതി. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം .

