തൃശൂർ: ഫേസ്ബുക്കിലൂടെ തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് 1.9 കോടി രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് കിഴക്കൻ മുംബൈയിൽ നിന്നാണ് മുംബൈ പോലീസിൻ്റെ സഹായത്തോടെ ഓസ്റ്റിൻ ഒഗ്ബയെ പിടികൂടിയത്.
2023 മാർച്ചിലാണ് തട്ടിപ്പിനിരയായ യുവതി കേസിലെ പ്രതികളിലൊരാളായ സ്ത്രീയുമായി ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ചത്. യുദ്ധത്തിൽ തകർന്ന സിറിയയിൽ നിന്ന് തുർക്കിയിലേക്ക് രക്ഷപ്പെട്ടതായി ഈ യുവതി പറഞ്ഞു . മാത്രമല്ല ഈജിപ്തിലെ മിഡിൽ ഈസ്റ്റ് വോൾട്ട് കമ്പനിയിൽ സൂക്ഷിച്ചിരിക്കുന്ന യുഎസ് ഡോളറുകളും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ രണ്ട് പെട്ടികൾ തൻ്റെ പക്കലുണ്ടെന്നും യുവതി തൃശൂർ സ്വദേശിനിയോട് പറഞ്ഞു.
പെട്ടികൾ ഇന്ത്യയിലെത്തിക്കാമെന്നും ഡോക്യുമെൻ്റ് ചെലവുകൾക്കായി പണം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു . ഇത് വിശ്വസിച്ച് തൃശൂർ സ്വദേശിനി 2023 മാർച്ചിനും ജൂണിനുമിടയിൽ ഒന്നിലധികം ഇടപാടുകളിലായി 1.9 കോടി രൂപ കൈമാറി.പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കി തൃശൂര്‍ സ്വദേശി ഒല്ലൂര്‍ പൊലീസില്‍ പരാതി നല്കി.കേസ് പിന്നീട് തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വൈ നിസാമുദ്ദീൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇടപാട് രേഖകളും ഫേസ്ബുക്കുമായി ബന്ധപ്പെട്ട രേഖകളും സംഘം പരിശോധിച്ചു. തുടർന്നാണ് നൈജീരിയൻ സ്വദേശിയെ പൊലീസ് പിടികൂടിയത്.

