ചെന്നൈ: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1955 മാർച്ച് 5 ന് തമിഴ്നാട്ടിലാണ് വെങ്കിടേഷ് ജനിച്ചത്. 1971 ൽ സംഗീത സംവിധായകൻ വിജയ് ഭാസ്കറിനൊപ്പം സിനിമകളിൽ ഗിറ്റാർ വായിക്കാൻ തുടങ്ങി. 1975 ൽ കന്നഡ സിനിമയിൽ അസിസ്റ്റന്റ് സംഗീത സംവിധായകനായ വെങ്കിടേഷ് 1981 ൽ ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.
1983-ൽ മലയാളം സംഗീതത്തിൽ സജീവമായി. 90-കളിൽ വെങ്കിടേഷ് മലയാളത്തിൽ തിളങ്ങി. 1985-ൽ ജനകീയ കോടതി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായാണ് വെങ്കിടേഷ് മലയാള സിനിമയിലെത്തിയത്. രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് വെങ്കടേഷ് എന്ന പേര് ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്. അക്കാലത്ത് സിനിമയ്ക്കൊപ്പം പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.
വഴിയോര കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർകഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കിലുക്കം, മിന്നാരം, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.

