തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കുരുക്കിലേയ്ക്ക് . കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ പുതിയ ചിത്രം പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട് രണ്ടാമതും സന്ദർശിച്ചപ്പോഴാണ് ഈ ചിത്രം എടുത്തതെന്നാണ് റിപ്പോർട്ട്.
പോറ്റിയുടെ അമ്മാവന്റെ മകൾക്ക് ബിരുദപരീക്ഷയിൽ റാങ്ക് ലഭിച്ചതിന് സമ്മാനം നൽകുന്ന കടകമ്പള്ളിയുടെ ചിത്രമാണ് പുറത്ത് വന്നത് . എന്നാൽ, മന്ത്രി എന്തിനാണ് ആ വീട്ടിൽ വന്നതെന്ന് വ്യക്തമല്ല. മന്ത്രി എത്തിയപ്പോൾ പുലിമാത്തിലെ തന്റെ വീട്ടിലേക്ക് വരാൻ പോറ്റി മകളോട് ആവശ്യപ്പെട്ടതായി അമ്മാവൻ വെങ്കിടേശ്വരൻ പോറ്റി പറഞ്ഞു . മുൻപും കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ എത്തിയ ചിത്രം പുറത്തുവന്നിരുന്നു. മുൻ റാന്നി എംഎൽഎയും നിലവിലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും അന്ന് കടകംപള്ളി സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും ഉണ്ണികൃഷ്ണൻ പോറ്റിക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിൽക്കുന്നതും ചിത്രത്തിൽ കാണാം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന് കടകംപള്ളി സുരേന്ദ്രൻ സമ്മാനം നൽകുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണ സംഘം കൂടുതൽ ആളുകളെ ചോദ്യം ചെയ്യും. കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനുള്ള നീക്കവുമുണ്ട്.

