കോട്ടയം : പാലാ മുനിസിപ്പാലിറ്റിയുടെ പുതിയ ചെയർപേഴ്സണായി മായ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി റിയ ചീരംകുഴിയെ ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ മായ പരാജയപ്പെടുത്തി. 26 കൗൺസിലർമാരും തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. പാലാ മുനിസിപ്പൽ കൗൺസിലിൽ മായയുടെ രണ്ടാമത്തെ വിജയമാണിത്.
19-ാം വാർഡിലെ കൗൺസിലറാണ് മായ . 8-ാം വാർഡിൽ നിന്നുള്ള കൗൺസിലറാണ് റിയ . എൽഡിഎഫിന്റെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മായ മത്സരിച്ചത് . മുൻ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്ന് യുഡിഎഫിന് നഗരസഭയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര ഡെപ്യൂട്ടി ചെയർപേഴ്സൺ മായ രാഹുലും ദിയ ബിനുവിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൗൺസിലർമാരുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് ഭരണപക്ഷത്ത് ഭിന്നത ആരംഭിച്ചത്. സാഹചര്യം അനുകൂലമായതോടെ എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായതോടെ ദിയയ്ക്ക് ചെയർപേഴ്സൺ സ്ഥാനം നഷ്ടപ്പെട്ടു. ഒരു അംഗത്തിന്റെ നേരിയ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് നഗരസഭ ഭരിച്ചിരുന്നത്.
26 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് 14 സീറ്റുകൾ ആവശ്യമായിരുന്നു. പതിനേഴു അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. പാർട്ടി വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് കൗൺസിലർമാരും മായ രാഹുലും എൽഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചു.

