തൃശൂർ : വിവാഹിതനാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്ക് വച്ച് റാപ്പർ വേടൻ . യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ് . ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത് . പിന്നീട് വേടനും ഇത് സ്ഥിരീകരിച്ചു.
ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു . ‘ മാഷ് പറഞ്ഞതുപോലെ 24 -)0 തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ് . നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .നന്ദി ‘ – ഇതാണ് വേടന്റെ വാക്കുകൾ.
ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. എം.വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് ആദരിച്ചു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് എം വി ഗോവിന്ദൻ വിവാഹക്കാര്യം പറഞ്ഞത് . പൊതുവേദികളിൽ വേടനൊപ്പം നവമിലതയും എത്താറുണ്ടായിരുന്നു.
മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ നവമി ലതയും കൂടെയുണ്ടായിരുന്നു. 2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ്, വേടൻ വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുള്ള സമ്മാനമാണ് ‘മോണലോവ’ എന്നാണ് വേടൻ പറഞ്ഞത്.

