ന്യൂഡൽഹി : താലിബാന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്ന് മലയാളി വ്ലോഗർ അരുണിമ . കഴിഞ്ഞ ദിവസമാണ് താൻ താലിബാന്റെ പിടിയിലാണെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും അരുണിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നിലവിൽ അഫ്ഗാനിസ്ഥാനിലെ ബമിയാനിലാണ് അരുണിമയുള്ളത്. സംഭവിച്ചതെന്താണെന്ന് കാട്ടി അരുണിമ മറ്റൊരു പോസ്റ്റും പങ്ക് വച്ചിട്ടുണ്ട്.
ഒരു ലോറിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയാണ് വൈകുന്നേരത്തോടെ ബമിയാനിൽ എത്തിയതെന്ന് അരുണിമ പറഞ്ഞു. ഇരുട്ടായതിനാൽ, നാട്ടുകാർ സമീപിക്കുകയും പാസ്പോർട്ട്, വിസ, താമസസ്ഥലം എന്നിവയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന ഒരാൾ അവരെ ഒരു ഹോട്ടലിലേക്കും പിന്നീട് താമസിക്കാൻ മുറി ലഭിച്ച മറ്റൊരു സ്ഥലത്തേക്കും കൊണ്ടുപോയി. പിന്നീട് രണ്ട് പേർ ഗൂഗിൾ ട്രാൻസ്ലേറ്റ് വഴി തന്നോട് സംസാരിക്കുകയും യാത്രാ പെർമിറ്റ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും അരുണിമ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ലെന്നും അങ്ങനെ ചെയ്തതിലൂടെ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചുവെന്നും അവർ പറഞ്ഞതായി അരുണിമ വ്യക്തമാക്കി. “അവർ എന്നെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നെ നാടുകടത്താൻ ഞാൻ അവരോട് ആവശ്യപ്പെട്ടെങ്കിലും, ഞാൻ നിയമം ലംഘിച്ചുവെന്നാണ് അവർ പറഞ്ഞത്,” അരുണിമ പറഞ്ഞു. ഉടൻ തന്നെ നേരത്തെ സഹായിച്ച വ്യക്തിയെ വിവരം അറിയിച്ചതായി അരുണിമ പറഞ്ഞു.
അവിടെ ഇറക്കിവിട്ടപ്പോൾ തന്നെ അദ്ദേഹം തന്റെ ഫോൺ നമ്പർ വാങ്ങിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സാഹചര്യം മനസ്സിലാക്കിയ ശേഷം, താൻ അടുത്തുള്ള സ്ഥലത്തുണ്ടെന്നും ഉടൻ തിരിച്ചെത്താമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ആ വ്യക്തി പിന്നീട് അരുണിമയ്ക്ക് വേണ്ടി താലിബാനുമായി സംസാരിച്ചു. “എന്റെ സാഹചര്യം മനസ്സിലാക്കണമെന്ന് അപേക്ഷിച്ചു . ആദ്യം അവർ എന്നെ പോകാൻ അനുവദിച്ചില്ല. എനിക്ക് ഒരു പെർമിറ്റും ഗൈഡും ആവശ്യമാണെന്ന് അവർ പറഞ്ഞു. അവർ പണവും ആവശ്യപ്പെട്ടു,” അരുണിമ പറഞ്ഞു.
“കുറച്ച് മണിക്കൂറുകളോളം ഞാൻ വല്ലാതെ ഭയന്നുപോയിരുന്നു. അമിതമായ ഉത്കണ്ഠ കാരണം ഞാൻ മരിച്ചുപോകുമെന്ന് പോലും എനിക്ക് തോന്നി. എനിക്കെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ആരെങ്കിലും എന്നെ രക്ഷിക്കാൻ വരുമെന്ന പ്രതീക്ഷയിൽ ഞാൻ ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്,” അരുണിമ പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തതുകൊണ്ടാണ് തനിക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഉസ്ബെക്കിസ്ഥാൻ അതിർത്തി ലക്ഷ്യമാക്കി ഏകദേശം 500 കിലോമീറ്റർ കൂടി യാത്ര ചെയ്യാനുണ്ടെന്നും, അവിടെ കൂടുതൽ ചെക്ക്പോസ്റ്റുകൾ നേരിടേണ്ടി വരുമെന്നും അരുണിമ പറഞ്ഞു. “അതിർത്തിയിൽ എത്തുന്നത് വരെ ശ്വാസം അടക്കിപ്പിടിച്ചാകും ഞാൻ യാത്ര ചെയ്യുക. ഉത്കണ്ഠയും പരിഭ്രാന്തിയും കാരണം എന്റെ ശരീരം ഇപ്പോഴും വിറയ്ക്കുകയാണ്. എനിക്ക് ആരോടും മറുപടി നൽകാൻ കഴിയുന്നില്ല. എല്ലാവർക്കും നന്ദി. സ്നേഹം മാത്രം നേരുന്നു. എന്റെ യാത്രകൾ തുടരും,” അരുണിമ പറഞ്ഞു.

