കൊച്ചി: മട്ടാഞ്ചേരിയിൽ പോലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട . രണ്ട് കിലോഗ്രാമിൽ കൂടുതൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി . മട്ടാഞ്ചേരി സ്വദേശി നൗഫലും (35) അയാളുടെ കൂട്ടാളിയുമാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
നൗഫലിന്റെ സുഹൃത്തിനെ പാലാരിവട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിരുന്നു. ഇയാളിൽ നിന്ന് ചെറിയ അളവിൽ എംഡിഎംഎ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷമാണ് പോലീസ് നൗഫലിൽ എത്തിയത്. നൗഫൽ താമസിച്ചിരുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ എംഡിഎംഎ കണ്ടെടുത്തു.
നൗഫൽ സ്ഥിരം കുറ്റവാളിയാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളിയാണെന്നും പൊലീസ് പറയുന്നു. കൂടുതൽ പേർ മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും വിതരണ ശൃംഖല കണ്ടെത്തുന്നതിനുമായി അന്വേഷണ സംഘം കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.

