ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെ (സിസിഎസ്) അടിയന്തര യോഗം വിളിച്ചുചേർത്തു. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ യോഗത്തിൽ ചർച്ചയാകും.
യോഗത്തിന് മുന്നോടിയായി രാത്രി 9.30 ഓടെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ നിന്ന് മടങ്ങും. ഗൾഫിലെ സ്ഥിതിഗതികൾ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ പാനൽ അവലോകനം ചെയ്യും. നേരത്തെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഏഴ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച നടത്തി.
ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്വതന്ത്ര രാജ്യങ്ങളോട് ഈ വിഷയത്തിൽ മൗനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഇന്ത്യ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രസ്താവന പുറത്ത് ഇറക്കിയിരുന്നു. എന്നാൽ അതിനുശേഷം കൂടുതൽ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടർന്നുണ്ടായ, രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിൽ മുതിർന്ന പുരോഹിതനായ ആയത്തുള്ള അലിറേസ അറഫിയെ ഇറാന്റെ ഇടക്കാല സുപ്രീം നേതാവായി തിരഞ്ഞെടുത്തു.

