തിരുവനന്തപുരം : ചിറയിൻകീഴിൽ എം എൽ എ രമ്യഹരിദാസും , പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ പി സി സി . ജനറൽ സെക്രട്ടറി രമണി പി നായർക്കാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിന്റെ ചുമതലക്കാരിയായിരുന്നു രമണി. നാളെ തന്നെ യോഗം ചേരാനാണ് കെ പി സി സിയുടെ നിർദേശം.ഇരു വിഭാഗങ്ങളെ കേൾക്കാനും നിർദേശം നൽകി കഴിഞ്ഞു.
കയ്യാങ്കളിയിൽ ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ് സി – എസ് ടി വകുപ്പ് ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് തുടങ്ങി ഏഴു പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്.
വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. തനിക്കെതിരെ മോശം പരാമർശം ഉണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും , ആദ്യം അടിച്ചത് താനാണെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. രമ്യയുടേത് അഭിനയമെന്ന് പ്രതികരിച്ച സജിത്ത് പിഎ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞിരുന്നു.

