ന്യൂഡൽഹി : പഠനം പുസ്തകങ്ങളിലും നിർദ്ദിഷ്ട പാഠ്യപദ്ധതിയിലും മാത്രം ഒതുങ്ങരുതെന്നും, വിദ്യാർത്ഥികളുടെ ജീവിതം, താൽപ്പര്യങ്ങൾ, വെല്ലുവിളികൾ എന്നിവ അധ്യാപകർ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . അധ്യാപക ദിനത്തിനോടനുബന്ധിച്ച് ലോക് കല്യാൺ മാർഗിൽ ദേശീയ അധ്യാപക അവാർഡ് ജേതാക്കളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
അധ്യാപകർ കുട്ടികളെ നന്നായി മനസ്സിലാക്കണമെന്നും അവരുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ പുസ്തകങ്ങൾക്കപ്പുറം, പാഠ്യപദ്ധതിക്കപ്പുറം നമ്മൾ പോകണം. കുട്ടികളുടെ ജീവിതത്തിലേക്ക് നമ്മൾ കടന്നുവരണം. കുട്ടികളിൽ കുട്ടിക്കാലവുമായി ബന്ധപ്പെട്ട ജിജ്ഞാസ, സർഗ്ഗാത്മകത, തുറന്ന മനസ്സ് എന്നിവ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം . കുട്ടിക്കാലത്തിന് എന്നും പുതുജീവൻ ഉണ്ടാകണം.“ എന്നും മോദി പറഞ്ഞു.
പഠനത്തിൽ നന്നായി പ്രകടനം കാഴ്ചവയ്ക്കാത്ത കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കാറുണ്ടോ എന്ന് സംഭാഷണത്തിനിടെ പ്രധാനമന്ത്രി അധ്യാപകരോട് ചോദിച്ചു. ഒരു കുട്ടി പഠനത്തിൽ മിടുക്കനല്ലായിരിക്കാം, പക്ഷേ ദൈവം ഓരോ കുട്ടിക്കും ഒരു പ്രത്യേക കഴിവ് നൽകിയിട്ടുണ്ടാകും. ആ കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കണമെന്ന് അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടു.
ഓരോ കുട്ടിക്കും തനതായ ഗുണങ്ങളും, കഴിവുകളും, വെല്ലുവിളികളും ഉണ്ടെന്ന് ഒരു അധ്യാപകൻ പ്രതികരിച്ചു. ഈ ശക്തികളെ തിരിച്ചറിഞ്ഞ് അവയെ വളർത്തിയെടുക്കുക എന്നതാണ് അധ്യാപകന്റെ ജോലി. കുട്ടികളുടെ ആത്മവിശ്വാസവും കഴിവുകളും വളർത്തിയെടുക്കുന്നതിനായി അധ്യാപകർ ക്ലാസ് മുറിക്ക് പുറത്ത് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും ചില അധ്യാപകർ വ്യക്തമാക്കി .
നന്നായി സംസാരിക്കാൻ എങ്ങനെ കഴിയുമെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ഒരു നല്ല പ്രഭാഷകനാകാൻ ആത്മവിശ്വാസവും നിരന്തരമായ പരിശീലനവും അത്യാവശ്യമാണെന്ന് അധ്യാപകർ മറുപടി നൽകി.
സംഭാഷണത്തിനിടെ, കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സ്ക്രീൻ സമയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. മൊബൈൽ ഫോണുകളിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും ചിലവഴിക്കുന്ന സമയം കുറയ്ക്കുന്നതിന്, കായിക വിനോദങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം അധ്യാപകരോട് അഭ്യർത്ഥിച്ചു.
അക്കാദമിക് മേഖലയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളും സംഭാഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. സ്ത്രീകൾക്കിടയിൽ സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു അധ്യാപിക സംസാരിച്ചു. അവബോധവും നേരത്തെയുള്ള കണ്ടെത്തലും സ്ത്രീകൾക്ക് സമയബന്ധിതമായി വൈദ്യോപദേശം തേടാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് അവബോധവും ചർച്ച ചെയ്യപ്പെട്ടു. കുട്ടികളിലെ മാറ്റങ്ങളിൽ അധ്യാപകർ ശ്രദ്ധ ചെലുത്തുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്യണം .
പാഠ്യപദ്ധതി പൂർത്തിയാക്കി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കുക മാത്രമല്ല അധ്യാപകന്റെ ജോലി, മറിച്ച് കുട്ടികളെ അടുത്തറിയുക, അവരുടെ ശക്തി തിരിച്ചറിയുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയും കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

