കൊച്ചി : കരയിലും, വെള്ളത്തിലും ഇറങ്ങാനും പറക്കാനും കഴിയുന്ന സീ പ്ലെയിന്‍ കൊച്ചിയിൽ വാട്ടർ സല്യൂട്ടോടെ സ്വീകരണം .ബോൾഗാട്ടി കായലിലാണ് പ്ലെയിൻ ഇറങ്ങിയത് . ഇരട്ട എഞ്ചിനുള്ള 19 സീറ്റര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേയ്ക്കാണ് ആദ്യ സർവ്വീസ്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ചെറുവിമാനസർവീസുകൾ നടത്തി സാധാരണക്കാരെയും , വിനോദസഞ്ചാരികളെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമാണിത് .
കരയിലും, വെള്ളത്തിലും ഇറങ്ങാൻ പറ്റുന്ന ആംഫീബിയൻ വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക . ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാന്‍ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത.വിനോദമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് സീപ്ലെയിൻ പദ്ധതി . അതോടൊപ്പം രക്ഷാപ്രവർത്തനത്തിനും ഇത് സഹായകമാകും .
അതേസമയം സീപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിൽ വനംവകുപ്പിന് ആശങ്കയുണ്ട് . ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങാറുണ്ട്. ഇവിടെ വിമാനം ഇറങ്ങുന്നത് ആനകളില്‍ പ്രകോപനമുണ്ടാക്കാന്‍ കാരണമാകുമെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.അതേസമയം റൂട്ടിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും , തർക്കങ്ങൾ പരിഹരിക്കുമെന്നുമാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത് .