തിരുവനന്തപുരം: കൊല്ലം തേവലക്കര സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സർക്കാർ ഭരണം ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ചതിനു പിന്നാലെയാണ് തീരുമാനം. മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ, സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് മാനേജരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിക്കൊണ്ടാണ് സർക്കാർ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
‘ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സർക്കാർ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ മേൽനോട്ടത്തിൽ മിഥുന്റെ കുടുംബത്തിന് ഒരു വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടിൽ നിന്ന് അടിയന്തര ധനസഹായമായി 3 ലക്ഷം രൂപ നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കെഎസ്ഇബി ഇതിനകം മിഥുന്റെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.
അധ്യാപക സംഘടന 10 ലക്ഷം രൂപ ധനസഹായം ഉടൻ കൈമാറും. സ്കൂൾ തുറക്കുന്നതിന് മുമ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചെയ്തു. എന്നിട്ടും, തേവലക്കര സ്കൂളിൽ നിർഭാഗ്യകരമായ സംഭവം നടന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സ്കൂൾ സുരക്ഷ സംബന്ധിച്ച് കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഈ സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ വീഴ്ചകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കും. “ശിവൻ കുട്ടി പറഞ്ഞു.
ഈ മാസം 17 നാണ് സ്കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് 12 കാരൻ മിഥുൻ മരിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

