തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ബ്രൂവറി പുറത്തിറക്കുന്ന ബ്രാണ്ടിയുടെ പേര് മാറ്റിയേക്കും . ‘മലബാർ മിസ്റ്ററി’ എന്ന പേരാണ് ആദ്യം പറഞ്ഞിരുന്നത് . എന്നാൽ , ബെവ്കോ ബ്രാണ്ടിക്ക് ‘മിന്നൽ മാജിക്’ എന്ന പേര് നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. പുതിയ പേര് എക്സൈസ് മന്ത്രി പ്രഖ്യാപിക്കും.
പാലക്കാട് മേനോൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസാണ് പുതിയ ബ്രാണ്ടി നിർമ്മിക്കുന്നത്. തുടക്കത്തിൽ അര ലിറ്റർ മദ്യം ലഭ്യമാകും. ഒരു കുപ്പിക്ക് 400 രൂപ വിലവരും. പുതിയ ബ്രാണ്ടി അടുത്ത മാസം ഔട്ട്ലെറ്റുകളിൽ എത്തും.
മദ്യത്തിന് അനുയോജ്യമായ പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ നൽകണമെന്ന ബെവ്കോയുടെ പരസ്യം കോടതി സ്റ്റേ ചെയ്തിരുന്നു . മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതികളെ തുടർന്ന് ഹൈക്കോടതി സർക്കാരിന് നോട്ടീസും അയച്ചിരുന്നു. പരസ്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബെവ്കോ പിന്നീട് അവകാശപ്പെട്ടു. തുടർന്ന് മദ്യത്തിന്റെ പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു.
കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബെവ്കോയുടെ കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് നിർമ്മിക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും തിരഞ്ഞെടുക്കുന്നതിന് 10,000 രൂപ ക്യാഷ് പ്രൈസ് നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. ഈ നീക്കത്തെ ചോദ്യം ചെയ്താണ് സഞ്ജീവ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
ബെവ്കോയുടെ ഈ നിർദ്ദേശം അബ്കാരി നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനി മദ്യം അത്തരത്തിൽ പ്രോത്സാഹിപ്പിക്കരുതെന്നും ഹർജിയിൽ പറഞ്ഞിരുന്നു . വാദം കേൾക്കുന്നതിനിടെ, ബെവ്കോ അത്തരത്തിലുള്ള ഒരു ബ്രാൻഡിയും നിർമ്മിക്കുന്നില്ലെന്നും പേരിനോ ലോഗോയ്ക്കോ നിർദ്ദേശങ്ങൾ ക്ഷണിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
പ്രാഥമിക വാദങ്ങൾ കേട്ട ശേഷം, തുടർ നടപടികൾ വരെ മത്സരം നടത്തുന്നത് നിർത്തിവയ്ക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. അതേസമയം പാലക്കാട് നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ‘ മലബാർ മിസ്റ്ററി‘ എന്ന് പേര് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.മലബാറിലെ ജനങ്ങളെ അവഹേളിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

