കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വളരെയധികം ദുഃഖമുണ്ടെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാപ്രേരണക്കേസിൽ അറസ്റ്റിലായ പി.പി ദിവ്യ ജയിലിലായിരുന്നു . ഇന്നാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത് . ജയിൽമോചിതയായ ശേഷം അവർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
‘ കഴിഞ്ഞ 14 വർഷം ജില്ലാ പഞ്ചായത്തിൽ ഒരു ജനപ്രിതിനിധി എന്ന നിലയിൽ എല്ലാവരോടും സഹകരിച്ചു പോകുന്ന വ്യക്തിയാണ് ഞാൻ .മാദ്ധ്യമപ്രവർത്തകർ ആയാലും നമ്മുടെ നാട്ടുകാരായാലും പൊതുപ്രവർത്തന രംഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ഒരുപാട് ഉദ്യോഗസ്ഥരുമായും വ്യത്യസ്ത രാഷ്ട്രീയപാർട്ടിയിലുള്ള ജനപ്രതിനിധികളുമായും സഹകരിച്ച് പോകുന്ന ഒരാളാണ് ഞാൻ.
സദുദ്ദേശ്യപരമായി മാത്രമേ ഏത് ഉദ്യോഗസ്ഥനോടും സംസാരിക്കാറുള്ളൂ. ഞാനിപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നു.. എന്റെ ഭാഗം കോടതിയിൽ ഞാൻ പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് ഞാനും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണം എന്നുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള അവസരം കോടതിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- പിപി ദിവ്യ പറഞ്ഞു .
റിമാൻഡിലായിരുന്ന ദിവ്യ 11 ദിവസത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത് . അഡ്വക്കേറ്റ് കെ വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടൊ ഹാജരായത് . അതേസമയം പി പി ദിദ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നാണ് പ്രതീക്ഷിച്ചതെന്നും , കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുള പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മഞ്ജുള പറഞ്ഞു.