തിരുവനന്തപുരം : മൂന്നാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത് . നിയമസഭ തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത് എന്നതിൽ സംശയമില്ല . സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ബജറ്റിലെ പല പ്രഖ്യാപനങ്ങളും. അതേസമയം നഷ്ടത്തിലായ ഖജനാവിൽ ഇതിനായുള്ള പണത്തിനായി എന്ത് ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട് .
കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഇ.ശ്രീധരൻ നിർദേശിച്ച തിരുവനന്തപുരം– കണ്ണൂർ വേഗപാതയെ കരുതലോടെ സ്വാഗതം ചെയ്ത സർക്കാർ ആ പദ്ധതിക്ക് പകരമായാണ് റാപ്പിഡ് റെയിൽ പ്രഖ്യാപനം നടത്തിയത്. പൊന്നാനിയിൽ ഡിഎംആർസി ഓഫിസ് തുറന്ന ഇ.ശ്രീധരൻ ഫെബ്രുവരി 2ന് വേഗപാത പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണിത്.
സർക്കാർ പ്രഖ്യാപിച്ച പദ്ധതി പൂർത്തിയാക്കാൻ 12 വർഷം വേണമെങ്കിൽ ഇ ശ്രീധരന്റെ ബദൽ പദ്ധതി പൂർത്തിയാക്കാൻ 5 വർഷം മതിയാകും . റാപ്പിഡ് റെയിലും, ശ്രീധരൻ നിർദേശിക്കുന്ന വേഗപാതയും തമ്മിൽ കാര്യമായ മാറ്റങ്ങളുമില്ല . ആർ ആർ ടി എസ് കേരളത്തിൽ പ്രായോഗികമല്ലെന്നും ഇ ശ്രീധരൻ പറയുന്നു.
നഗരങ്ങളിൽ മാത്രം പ്രയോജനപ്പെടുന്ന ഈ സംവിധാനം കേരളത്തിലുട നീളം നടപ്പാക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല . സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കത്തെ കുറിച്ച് തനിക്ക് അറിയില്ല . കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം തിരുവനന്തപുരം – കണ്ണൂർ അതിവേഗപാതയുടെ ഡിപിആർ തയ്യാറാക്കുന്ന ജോലികളിലേയ്ക്ക് താൻ കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

