കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ സംസ്കാരം വൈകുന്നേരം ആലുവ ജുമാ മസ്ജിദിൽ നടക്കും. രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ആലുവയിലെ വസതിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച രാത്രി ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നവാസ് ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെയാണ് മരിച്ചത് . മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക വിലയിരുത്തൽ.
വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, രണ്ട് ദിവസത്തെ ഇടവേളയ്ക്ക് വീട്ടിലേക്ക് പോകുമെന്ന് നവാസ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. സിനിമാ സംഘം മൂന്ന് മുറികൾ എടുത്തിരുന്നു, അതിൽ രണ്ടെണ്ണം ഇതിനകം തന്നെ ചെക്ക് ഔട്ട് ചെയ്തിരുന്നു. നവാസ് 209-ാം നമ്പർ മുറിയിലായിരുന്നു. എന്നാൽ നവാസ് ചെക്ക് ഔട്ട് ചെയ്യാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ റൂം ബോയിയാണ് അബോധാവസ്ഥയിൽ നവാസിനെ കണ്ടത് . തുടർന്ന് പ്രൊഡക്ഷൻ കൺട്രോളറെ അറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ഹോട്ടൽ ഉടമ സന്തോഷ് പറഞ്ഞു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ നവാസിന് ജീവൻ ഉണ്ടായിരുന്നുവെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നുമാണ് സന്തോഷ് പറഞ്ഞത് .

