തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് സംഭരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ പുറത്ത് . നിലവിലുള്ള ടെൻഡറുകൾ റദ്ദാക്കണമെന്നും മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങണമെന്നും നിർദ്ദേശിച്ച് പ്രശാന്ത് കൈകൊണ്ട് എഴുതിയ കത്ത് എസ്ഐടി കണ്ടെടുത്തു. ദേവസ്വം കമ്മീഷണറുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുണ്ട്.
‘നിലവിലുള്ള ടെൻഡർ റദ്ദാക്കാൻ അനുമതി നൽകിയിട്ടുണ്ട്. മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു,’ എന്നാണ് കത്തിൽ പ്രശാന്ത് എഴുതിയിരിക്കുന്നത് . ആവശ്യമായ നെയ്യിന്റെ അളവ് നിർണ്ണയിക്കാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികാരമുണ്ടെന്നും രേഖയിൽ പറയുന്നു. ഈ തിടുക്കത്തിലുള്ള നീക്കം വലിയ ക്രമക്കേടിന്റെ ഭാഗമാണെന്ന് വിജിലൻസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ ശബരിമലയിൽ അരവണ ഉൽപ്പാദിപ്പിക്കുന്നതിനായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടുകളാണ് എസ് ഐ ടി അന്വേഷിക്കുന്നത് . ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഐപിഎസ് ഉദ്യോഗസ്ഥനും വിജിലൻസ് സൂപ്രണ്ടുമായ എം ജെ സോജന്റെ നേതൃത്വത്തിലാണ് എസ്ഐടി രൂപീകരിച്ചത് . കരാർ പ്രകാരം, 20,000 യൂണിറ്റ് അരവണ ഉൽപ്പാദിപ്പിക്കുന്നതിന് 1.65 ലക്ഷം ലിറ്റർ നെയ്യ് സംഭരിക്കേണ്ടതായിരുന്നു.
ഏതാണ്ട് 1,05,000 ലിറ്റർ നെയ്യാണ് മിൽമയിൽ നിന്ന് കയറ്റി അയച്ചത് . എന്നാൽ ദേവസ്വം രേഖകളിൽ ഏകദേശം ഒരു ലക്ഷത്തി രണ്ടായിരത്തോളം ലിറ്റർ നെയ്യ് മാത്രമാണ് കാണിച്ചിരിക്കുന്നത്ഏകദേശം 3,465 ലിറ്റർ നെയ്യ് എവിടെപ്പോയി എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ദുരൂഹത നിലനിൽക്കുന്നത്
മിൽമയിൽ നിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ ബോർഡിന് 2.28 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

