കൊച്ചി : ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി. മോഹൻദാസിന് സോപാധിക ജാമ്യം അനുവദിച്ച് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) കോടതി . ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ചവർക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തിയെന്ന ആരോപണത്തിലാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തത്.
ആവശ്യപ്പെടുമ്പോൾ മോഹൻദാസ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകുക, അടുത്ത മൂന്ന് ദിവസത്തേക്ക് അന്വേഷണവുമായി സഹകരിക്കുക, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജാമ്യം തേടിയത് . നോട്ടീസ് നൽകാതെയാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പോലീസ് സംഘം കൊച്ചിയിലെ മട്ടാഞ്ചേരിയിൽ എത്തിയാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത് . തിരുവനന്തപുരം സിറ്റി സൈബർ ക്രൈം വിംഗിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം 5 മണിയോടെ മട്ടാഞ്ചേരിയിലെ ചെർളായിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് ഉപകരണങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. സിപിഐ മണ്ഡലം സെക്രട്ടറി എം കെ അബ്ദുൾ ജലീൽ, സാമൂഹിക പ്രവർത്തകൻ ഹാരിസ് അബു എന്നിവർ മട്ടാഞ്ചേരി പോലീസിലും പരാതി നൽകിയിരുന്നു.

