തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ഡി മണിക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനായില്ല. ഇന്നലത്തെ ചോദ്യം ചെയ്യലിൽ, ശബരിമലയുമായുള്ള ബന്ധം സ്ഥിരീകരിക്കാനും സംഘത്തിന് കഴിഞ്ഞില്ല. മണി രണ്ടുതവണ മാത്രമേ തിരുവനന്തപുരത്ത് എത്തിയിട്ടുള്ളൂവെന്നും മണി വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസി വ്യവസായിയെയും, പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെയും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചോദ്യം ചെയ്ത ശ്രീകൃഷ്ണനും, മണിയുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്.
ഇറിഡിയം തട്ടിപ്പ് സംഘമാണ് മണിയുടെ പിന്നിലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, ശബരിമല സ്വർണ്ണ മോഷണത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിലെടുക്കും. ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരെ ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിലെടുക്കുക.
കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അപേക്ഷ സമർപ്പിച്ചിരുന്നു. മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. സ്വർണ്ണ മോഷണത്തിൽ മൂവർക്കും തുല്യ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച സ്വർണ്ണം എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തത ഉണ്ടാകേണ്ടതുണ്ട്. ഉന്നത സർക്കാർ, രാഷ്ട്രീയ നേതാക്കളിൽ നിന്ന് അവർക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

