തിരുവനന്തപുരം : സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിലും തെക്കൻ കേരള തീരത്തോട് ചേർന്ന് ചുഴലിക്കാറ്റ് രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മെയ് 7 മുതൽ 11 വരെയാണ് നിലവിലെ മുന്നറിയിപ്പ്. കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട് . കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട് .
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 11 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കും 12 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

