കൊച്ചി : ഗുരുവായൂർ ദേവസ്വത്തിന്റെ അക്കൗണ്ടുകളിലെ സാമ്പത്തിക ക്രമക്കേടുകൾ ഉയർത്തിക്കാട്ടുന്ന സത്യവാങ്മൂലം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് .
2019 മുതൽ 2022 വരെയുള്ള മൂന്ന് വർഷത്തെ സ്വർണ്ണം – വെള്ളി ലോക്കറ്റ് വിൽപ്പനയിൽ 27 ലക്ഷത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തൽ.പഞ്ചാബ് നാഷണൽ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലാണ് ലോക്കറ്റ് വിൽപ്പനയിലെ തുക നിക്ഷേപിച്ചിരുന്നത്.
ബാങ്ക് ജീവനക്കാരൻ നൽകുന്ന ക്രെഡിറ്റ് സ് ലിപ്പും അക്കൗണ്ടിൽ എത്തിയ തുകയും തമ്മിൽ വ്യത്യാസമുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കുന്നതിൽ ദേവസ്വം ഉത്തരവാദിത്വം കാണിച്ചില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.തൃശൂർ ജില്ലയിലെ സാമ്പത്തിക ദുരുപയോഗവും സമീപകാല ബാങ്കിംഗ് തട്ടിപ്പുകളും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ദേവസ്വത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിലാണ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചത്
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഒന്നിലധികം സാമ്പത്തിക ക്രമക്കേടുകൾ, ക്ഷേത്ര ഫണ്ടുകളുടെ ദുരുപയോഗം, സൈബർ സുരക്ഷാ പ്രോട്ടോക്കോളുകളിലെ വീഴ്ച എന്നിവയും പരാമർശിച്ചു. സിസിടിവി സംവിധാനം പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇത് ക്ഷേത്രത്തിന് ഗുരുതരമായ സുരക്ഷാ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.