ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് ക്യാമ്പ് ആക്രമിക്കപ്പെട്ടു. സേനാപതി ജില്ലയിലെ ക്യാമ്പാണ് നാഗ ജനക്കൂട്ടം തകർത്തത്. സുരക്ഷാ വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പരമാവധി സംയമനം പാലിച്ചതായി അസം റൈഫിൾസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സേനാപതി പട്ടണത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഒക്ലോങ്ങിലെ നിയുക്ത എൻഎസ്സിഎൻ ക്യാമ്പിന് ഏകദേശം രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മകുയിലോങ്ഡിക്ക് സമീപം നാഗ അക്രമികൾ ആയുധങ്ങളുമായി പോകുന്നുവെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസം റൈഫിൾസ് ഓപ്പറേഷൻ ആരംഭിച്ചിരുന്നു.
തെരച്ചിലിനായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ മകുയ്ലോങ്ഡി, ഒക്ലോങ് ഗ്രാമങ്ങളിലേക്ക് എത്തി. എന്നാൽ അവിടെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ സൈനികരെ തടഞ്ഞു.
സംഘർഷം രൂക്ഷമായതോടെ, രാത്രി 9 മണിയോടെ സേനാപതി പട്ടണത്തിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടി . അസം റൈഫിൾസ് ക്യാമ്പിലേക്ക് മാർച്ച് ചെയ്യാൻ തയ്യാറെടുത്തു. സുരക്ഷാ സേന തെരച്ചിലിൽ നിന്ന് പിൻവാങ്ങിയെങ്കിലും, രാത്രി 9.30 ഓടെ ജനക്കൂട്ടം ക്യാമ്പിലെത്തി ആക്രമിക്കുകയയിരുന്നു. അക്രമികൾ സുരക്ഷാ വാഹനങ്ങൾ നശിപ്പിക്കുകയും , ലൈറ്റ് വാഹനത്തിന് തീയിടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ സിആർപിഎഫ്, സേനാപതി പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

