വാഷിംഗ്ടൺ : അനിൽ മേനോൻ ഉൾപ്പെടെയുള്ള നാസയുടെ ബഹിരാകാശ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. സോയൂസ് എംഎസ്-29 ബഹിരാകാശ പേടകത്തിൽ മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 2 മണിക്കാണ് സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. അനിൽ മേനോന്റെ സഹപൈലറ്റുമാർ റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനിയുമാണ്.
അമേരിക്കയിൽ ജനിച്ചു വളർന്ന അനിൽ മേനോന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. പ്യോട്ടർ ഡുബ്രോവിനും അന്ന കിക്കിനയ്ക്കും ഇത് രണ്ടാമത്തെ ബഹിരാകാശ യാത്രയാണ്. ശാസ്ത്ര ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിനായി സംഘം ഏകദേശം എട്ട് മാസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും. ഭൂമിയിലേക്കുള്ള മടക്കയാത്ര 2027 ഏപ്രിലിലാണ്. കസാക്കിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്നലെ രാത്രി 8.17 നാണ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
രാത്രി 11.52 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രിച്ചാൽ മൊഡ്യൂളുമായി ബഹിരാകാശ പേടകം വിജയകരമായി ഡോക്കിംഗ് ചെയ്തു. പുലർച്ചെ 1:30 ന് ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാത്തിരിപ്പ് നീണ്ടു. ബഹിരാകാശ നിലയത്തിൽ പ്രവേശിക്കാൻ പോകുന്നതിനിടെ ട്രാക്കിംഗ്, ഡാറ്റ റിലേ ഉപഗ്രഹങ്ങളുമായുള്ള ബന്ധം താൽക്കാലികമായി നഷ്ടപ്പെട്ടതിനാൽ, തത്സമയ സംപ്രേക്ഷണം താൽക്കാലികമായി തടസ്സപ്പെട്ടിരുന്നു.

