ഡബ്ലിൻ: അയർലൻഡിന്റെ പൗരത്വം ലഭിക്കാൻ ഐറിഷ് ഭാഷ അറിയണമെന്ന നിബന്ധനയില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പൗരത്വ നിയമത്തിലെ മാറ്റങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഐറിഷ് പൗരത്വം ലഭിക്കാൻ ഭാഷ അറിഞ്ഞിരിക്കുന്നത് അധിക യോഗ്യതയായി പരിഗണിക്കണമെന്ന അഭിപ്രായം ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പങ്കുവച്ചിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.
പാർനെൽ സ്ക്വയറിൽ ഉണ്ടായ ആക്രമണം ഉയർത്തിക്കാട്ടി പൗരത്വ നിയമം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ സാധ്യമല്ല. കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമത്തെ മൊത്തത്തിൽ വിലയിരുത്തുന്നത് ശരിയല്ല. പാർനെൽ സ്ക്വയറിൽ ഉണ്ടായ ആക്രമണത്തിന് ഭാഷയുമായി യാതൊരു ബന്ധവും ഇല്ല. കുറ്റകൃത്യങ്ങളെ പൗരത്വവുമായി ബന്ധിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

