കൊല്ലം : പുറത്ത് ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പോയാൽ പോക്കറ്റ് കാലിയാകാതെ മടങ്ങി വരാനാകില്ല . ഒരു വടയും ചായയും കഴിക്കണമെങ്കിൽ പോലും കുറഞ്ഞത് 20 രൂപയും ചിലപ്പോൾ അതിൽ കൂടുതലും ബില്ല് വരും. എന്നാൽ വെറും 10 രൂപയ്ക്ക് നാല് ഇഡ്ഡലിയും സാമ്പാറും കിട്ടിയാലോ? അതെ സംസ്ഥാനത്തെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആരംഭിച്ചിരിക്കുന്ന പദ്ധതിയാണിത്.
‘ഗുഡ് മോർണിംഗ് കൊല്ലം’ എന്ന പേരിലാണ് കൊല്ലം കോർപ്പറേഷൻ ഈ പദ്ധതി അവതരിപ്പിക്കുന്നത്. വിഷു ദിനമായ തിങ്കളാഴ്ച മുതൽ പ്രഭാത ഭക്ഷണ വിതരണ കൗണ്ടറിൻ്റെ പ്രവർത്തനം ആരംഭിച്ചു. വെറും 10 രൂപയ്ക്ക് നാല് ഇഡ്ഡലിയോ ദോശയോ കഴിക്കാം.നല്ല രുചിയുള്ള സാമ്പാറും കറിയായി ലഭിക്കും
കൊല്ലം നഗരത്തിലെ ചിന്നക്കടയിലാണ് പ്രാതൽ വിതരണ കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്. പരിപാടി വൻ ഹിറ്റാകുമെന്നും ജനം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ അധികൃതർ.20 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരത്തിലെത്തുന്നവർക്ക് പ്രഭാതഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ കൊല്ലം കോർപറേഷൻ ‘ഗുഡ് മോണിംഗ് കൊല്ലം’ എന്ന പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിനായി ബജറ്റിൽ 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റ് വഴിയാണ് ഭക്ഷണം തയ്യാറാക്കുന്നത്.