തൃശൂർ: തൃശൂരിൽ സർക്കാർ സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു വീണു. കോടാലിയിലുള്ള യുപി സ്കൂളിൽ ഇന്ന് രാവിലെയാണ് ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീണത് . പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
2023 ൽ 54 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ സീലിംഗ് നിർമ്മിച്ചത്. ഓഡിറ്റോറിയത്തിലെ ഫാനുകളും നശിച്ചു. സംഭവത്തെത്തുടർന്ന്, പൊതുപ്രവർത്തകരും രക്ഷിതാക്കളും സ്കൂളിലെത്തി നിർമ്മാണം നടത്തിയ അശാസ്ത്രീയ രീതിയെക്കുറിച്ച് പരാതി ഉന്നയിച്ചു.
രണ്ട് മാസം മുമ്പ് സ്കൂളിന്റെ ചുമരുകളിൽ അനുഭവപ്പെടുന്ന ഈർപ്പത്തെക്കുറിച്ചും അത് ഉയർത്തുന്ന അപകടത്തെക്കുറിച്ചും രക്ഷിതാക്കൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. വാർഡ് അംഗവും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധിച്ചു.

