തിരുവനന്തപുരം ; ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ച് സംസ്ഥാന നിയമസഭാ നടപടികൾക്ക് തുടക്കം . ഗവർണർ രാജേന്ദ്ര അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗങ്ങൾക്ക് മുൻപായിരുന്നു വന്ദേമാതരം. പൊലീസ് ബാന്റായാണ് വന്ദേമാതരത്തിന്റെ ആദ്യഭാഗം ആലപിച്ചത്.
വന്ദേമാതരം മുഴുവൻ വായിക്കണമെന്ന ലോക്ഭവൻ നിർദേശം സർക്കാർ അംഗീകരിച്ചില്ല. നിയമസഭയിൽ എത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വിഡി സതീശൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. മൂന്ന് ദിവസമായിരിക്കും അവധി. ആർത്തവ അവധിയ്ക്ക് പകരം സ്പെഷ്യൽ ക്ലാസുകൾ ഏർപ്പെടുത്തും. സർക്കാർ സ്വകാര്യ മേഖലകളിൽ പ്രസവ അവധി ആറ് മാസമാക്കും. ലഹരി വിമുക്ത കേരളത്തിനായി പ്രത്യേകപദ്ധതിയുണ്ടാകും. ലഹരിയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.ആരോഗ്യ മേഖലയെ പിടിച്ചുയർത്താൻ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തും. ചിലവ് കുറഞ്ഞ ചികിത്സ ഉറപ്പ് വരുത്തും . സഹകരണ മേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും.
വഖഫ് ബോർഡ് നവീകരിക്കും, ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ , പട്ടയവിതരണം കാര്യക്ഷമമാക്കും, നാലു വരി പാതകളുടെ എണ്ണം കൂട്ടും ,നെല്ല്, റബ്ബർ, നാളീകേര കർഷകർക്ക് അർഹമായ പരിഗണന , ഉൾനാടൻ മത്സ്യബന്ധം പ്രോത്സാഹിപ്പിക്കും . ഐ ടി വകുപ്പിന്റെ പേര് മാറ്റി ഇനി ഫ്യൂച്ചർ ടെക്നോളജി എന്നാകും അറിയപ്പെടുകയെന്നും നയപ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

