ബെംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി.ജെ. റോയിയുടെ (56) സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ബന്നാർഘട്ട റോഡിലെ നേച്ചേഴ്സ് കാസ്കേഡിൽ നടന്ന പൊതു ദർശനത്തിന് ശേഷം സെന്റ് ജോസഫ് പള്ളിയിലാണ് അന്ത്യകർമങ്ങൾ നടത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ വച്ചാണ് റോയി ജീവനൊടുക്കിയത് . ഇഡി റെയ്ഡിനെയായിരുന്നു സംഭവം. സി.ജെ. റോയിക്ക് മറ്റേതെങ്കിലും തരത്തിലുള്ള ഭീഷണി ലഭിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട് .
കർണാടക സർക്കാർ ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ജോയിന്റ് കമ്മീഷണറും രണ്ട് പോലീസ് സൂപ്രണ്ടുമാരും സംഘത്തിൽ ഉൾപ്പെടുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ റോയിയുടെ ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന ഒന്നും സംഭവ ദിവസം ഓഫീസിൽ സംഭവിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
റെയ്ഡിനെ തുടർന്ന് റോയിക്ക് കടുത്ത മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നതായും ഇത് ഒടുവിൽ മരണത്തിലേക്ക് നയിച്ചതായുമാണ് സഹോദരൻ സി.ജെ. ബാബു ആരോപിക്കുന്നത് . കോൺഫിഡന്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫിന്റെ പരാതിയെത്തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
കർണാടക സി.ഐ.ഡിയിലെ ഉദ്യോഗസ്ഥർ റോയിയുടെ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ദുബായിൽ തന്റെ ബിസിനസ്സ് വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റോയ് ഒരു വലിയ പാർട്ടി സംഘടിപ്പിച്ചിരുന്നു. മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. ഇവരിൽ ചിലർ ആദായനികുതി വകുപ്പിന്റെയും കേന്ദ്ര സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയുടെയും നിരീക്ഷണത്തിലായിരുന്നു
കൂടാതെ റോയിയുമായി അടുപ്പമുള്ള നിരവധി വ്യക്തികളെയും ഈ ഏജൻസികൾ ചോദ്യം ചെയ്തു. ഡിസംബറിൽ നടന്ന ആദായനികുതി റെയ്ഡിന് ശേഷം, റോയ് ദുബായിലേക്ക് പോയി കുറച്ച് ദിവസങ്ങൾക്ക് ശേഷം ബെംഗളൂരുവിലേക്ക് മടങ്ങിരുന്നു. മരണം നടന്ന ദിവസം ഉച്ചയോടെ, ആദായനികുതി ഉദ്യോഗസ്ഥർ റിച്ച്മണ്ട് സർക്കിളിലെ കോൺഫിഡന്റ് ആസ്ഥാനത്ത് എത്തി. ഉച്ചയ്ക്ക് 2 മണിയോടെ റോയ് എത്തി. അമ്മയോട് സംസാരിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായും മറ്റുള്ളവരെ തന്റെ ക്യാബിനിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചതായും സഹപ്രവർത്തകർ പറഞ്ഞിരുന്നു.

