കൊച്ചി ; യുഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഏർപ്പെടുത്തിയ കെ എസ് ആർ ടി സിയിലെ സൗജന്യയാത്രാ പദ്ധതിയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി. ഭരണഘടനയുടെ 14,15(1) അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണ് പുതിയ പദ്ധതി എന്ന് കാട്ടിയാണ് എറണാകുളം മുഹമ്മദ് ഫിർദൗസ് ഹർജി നൽകിയിരിക്കുന്നത്. അഡ്വക്കേറ്റ് ഷമീം അഹമ്മദ് മുഖേനയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സമത്വത്തിനും, ലിംഗഭേദത്തിനും വിരുദ്ധമായാണ് പദ്ധതിയെന്ന് കാട്ടിയാണ് ഹർജി. കൂടാതെ ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഒരു സ്ത്രീയ്ക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ദിവസവേതനക്കാരനായ പുരുഷൻ അതേബസിൽ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടി വരുന്നത് ജനാധിപത്യരാജ്യത്ത് അനുവദനീയമല്ല.
വരുമാന പരിധി, താമസയോഗ്യത എന്നിവ പരിഗണിക്കാതെ ലിംഗഭേദം മാത്രം നോക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഒരു പഠനമോ, പദ്ധതിയുടെ ആഘാതമോ വിലയിരുത്താതെ തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സർക്കാർ ഉത്തരവായി നടപ്പാക്കിയത് ഭരണഘടനാലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

