തിരുവനന്തപുരം: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നതായി ഡി വൈ എഫ് ഐ. ഇത്തരത്തിൽ വർഗീയ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതമൗലികവാദ ശക്തികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാവണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
അതേസമയം, ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നത് ആശങ്കാജനകവുമാണ്. അതിർത്തിക്കപ്പുറത്തെ സംഭവങ്ങളെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ സാമുദായിക സൗഹാർദം തകർക്കുകയും വർഗ്ഗീയ വിഭജനം ഉണ്ടാക്കുകയും ചെയ്യുമെന്നും ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എല്ലാ തരം വർഗ്ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയും ഐക്യവും ജാഗ്രതയും ശക്തിപ്പെടുത്തണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടക്കെതിരെ ഡിസംബർ 7 ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.