കോഴിക്കോട് : സ്വന്തം കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മയക്കുമരുന്നിന് അടിമയായ മകനെ സ്വന്തം അമ്മ തന്നെ പോലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശിയായ രാഹുൽ ആണ് അറസ്റ്റിലായത് .
രാഹുൽ അമ്മയ്ക്കും മുത്തശ്ശിക്കും നേരെ വധഭീഷണി മുഴക്കിയിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സഹോദരിയുടെ കുട്ടിയെ കൊല്ലുമെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പതിമൂന്നാം വയസ്സിൽ രാഹുൽ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയെന്നും തടയാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും രാഹുൽ വഴങ്ങിയില്ലെന്നും വീട്ടുകാർ പറഞ്ഞു.
“പോക്സോ, ആക്രമണ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ രാഹുൽ പ്രതിയാണ്. ഇന്നലെ രാത്രിയാണ് ഞങ്ങൾ പോലീസിനെ അറിയിച്ചത്. ഞങ്ങളെ കൊല്ലാൻ തീയതി പോലും നിശ്ചയിച്ചിരുന്നു,” അമ്മ പറഞ്ഞു.