കായംകുളം ; എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തിരഞ്ഞെടുപ്പില്‍ വിഷയം പ്രചാരണായുധമാക്കാനാണ് എല്‍ഡിഎഫ് നീക്കം . വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎം. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയുടെ നേതൃത്വത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് കായംകുളത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.. വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് എ ഇര്‍ഷാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസംഗം വിവാദമായതോടെ ഇര്‍ഷാദ് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു . യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇര്‍ഷാദിന്റെ വിവാദപരാമർശങ്ങൾ.
തനിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ പ്രതികരിക്കവേ യു പ്രതിഭ വികാരാധീനയായി കരഞ്ഞിരുന്നു . ഇർഷാദിന്റെ പ്രസ്താവനയിൽ താൻ ഞെട്ടിപ്പോയെന്നും പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്നും അവർ പറഞ്ഞു. ഖേദം പ്രകടിപ്പിച്ചാൽ മാത്രം പോരാ എന്നും, ഉപദ്രവിച്ചതിന് ശേഷം ക്ഷമാപണം നടത്തുന്നതാണോ ശരിയെന്നും പ്രതിഭ ചോദിച്ചിരുന്നു.
അതേസമയം, പ്രതിഭയ്ക്കെതിരായ പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവും പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങൾ തന്റെയോ പാർട്ടിയുടെയോ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പുകൾ വ്യക്തിപരമായ വിമർശനത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും ആശയങ്ങളുടെ മത്സരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

