തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ വൈദ്യുതി ചാർജ് വർധിക്കാൻ സാധ്യത. യൂണിറ്റിന് 12 പൈസയുടെ വർധനവാകും ഉണ്ടാകുക . കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച നിരക്ക് വർധനയാണ് ഏപ്രിലിൽ നിലവിൽ വരുക. വെള്ളത്തിൻ്റെ ചാർജും 5 ശതമാനം വർധിക്കും.
2027 വരെയുള്ള വൈദ്യുതി നിരക്ക് ഡിസംബറിൽ റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 2025-26 സാമ്പത്തിക വർഷത്തെ നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 12 പൈസയാണ് വർദ്ധനവ്. വിവിധ സ്ലാബുകളുടെ അടിസ്ഥാനത്തിൽ ഫിക്സഡ് ചാർജിൽ 5 രൂപ മുതൽ 30 രൂപ വരെ വർധിക്കും.
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ ഫിക്സഡ് ചാർജ് ഉൾപ്പെടെ 32 രൂപയുടെ വർധനവുണ്ടാകും. 357.28 കോടി രൂപയുടെ അധിക വരുമാനമാണ് താരിഫ് വർദ്ധനയിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. കൂടാതെ, ഏപ്രിലിൽ യൂണിറ്റിന് ഏഴ് പൈസ ഇന്ധന സർചാർജ് ഈടാക്കും. കേന്ദ്ര സർക്കാരിൻ്റെ നയമനുസരിച്ച് വെള്ളത്തിന് അഞ്ച് ശതമാനം വർധനയുണ്ടാകും. ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ഇത് ഒഴിവാക്കിയിരുന്നു.